Saturday, December 17, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-16 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151











ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-16
രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)
ഫോണ്‍-9871690151

അടുത്തതായി സൂര്യന്‍ - പന്ത്രണ്ടാം ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങളാണ് പറയാന്‍ പോകു ന്ന്‍ ത്.

പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യന്‍ എങ്കില്‍ ജാതകന്‍ ബുദ്ധിമാന്ദ്യമുള്ള വ്യക്തിയായിരിക്കും. അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നതൊന്നും ബുദ്ധിപരമായ കാര്യങ്ങള്‍ ആയിരിക്കുകയില്ല. ഈ ജാതകന്‍ മറ്റുള്ളവരുടെ ഭാര്യമാരുമായി രഹസ്യവെഴ്ചയ്ക്ക് ശ്രമിക്കുന്നതായിരിക്കും. ശാരീരികമായി വളരെ മെലിഞ്ഞ രൂപമായിരിക്കും. സര്‍ക്കാരില്‍നിന്നും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ധനം സമ്പാദിക്കാന്‍ സാധിക്കുമെങ്കിലും, മാനസികമായി മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി ഉണ്ടായിരിക്കുകയില്ല.

ഈ വ്യക്തിക്ക് സ്വന്തം അച്ഛനുമായും ശത്രുത ഉണ്ടായിരിക്കും. കാഴ്ചശക്തി പ്രശ്നങ്ങള്‍ ഉണ്ടാകാവുന്നതാണ്. സന്താനഗുണങ്ങള്‍ കുറയും. ജാതകന് മുപ്പത്തിയാറാം വയസ്സില്‍ അപ്പെന്‍ഡിസിറ്റിസ് രോഗം വരാനുള്ള സാധ്യതയുണ്ട്. ധനം സമ്പാദിച്ചാലും അനാവശ്യ കാര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് ധനവാനാകാന്‍ സാധിക്കുകയില്ല. വിദേശ സഞ്ചാരത്തിനും അവിടെ പോയി ജോലി ചെയ്യാനും ധാരാളം സാധ്യതകളുണ്ട്. എന്തായാലും ജാതകത്തില്‍ സൂര്യന്‍ പന്ത്രണ്ടില്‍ ഇരിക്കുന്നത് നല്ല കാര്യമായി കണക്കാക്കുന്നില്ല. ഇത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ബാധകമാണ്.

അടുത്തതായി ചന്ദ്രന്‍ വ്യത്യസ്ത ഭാവങ്ങളിലിരുന്നാല്‍ ഉള്ള ഫലങ്ങളെ പറ്റി നോക്കാം.

ചന്ദ്രന്‍ ലഗ്നത്തില്‍ ബലവാനായി ഇരുന്നാല്‍ ജാതകന്‍ ധനികനും, സന്തോഷവാനും, ധൈര്യമുള്ള വ്യക്തിയുമായിരിക്കും. കാണാന്‍ നല്ല സൗന്ദര്യമുള്ളയാളായിരിക്കും. അതുപോലെ ധനപരമായി വളരെയധികം അഭിവൃദ്ധി നേടും. പക്ഷെ ചന്ദ്രന്‍ നീചനോ, ബലമില്ലാതെ ഇരിക്കുകയോ ചെയ്താല്‍ ഫലങ്ങള്‍ക്ക് വ്യത്യാസം വരും. അങ്ങനെവരുമ്പോള്‍ സാമ്പത്തിക നേട്ടം, ബുദ്ധിശക്തി, മാനസിക സ്ഥിരത എന്നീ കാര്യങ്ങളില്‍ വളരെ മോശമായിരിക്കും എന്നര്‍ത്ഥം. നല്ല ഗുണങ്ങള്‍ കിട്ടണമെങ്കില്‍ ചന്ദ്രന്‍ ലഗ്നത്തില്‍ ഇരിക്കുകയും ലഗ്നം(ഒന്നാംഭാവം) മേടം, എടവം, കര്‍ക്കിടകം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കുകയും വേണം. പക്ഷെ ചിലപ്പോള്‍ മേടലഗ്നത്തിലെ ചന്ദ്രനോടൊപ്പം സൂര്യന്‍ ഇരിക്കുകയും ജനനം അമാവാസി കഴിഞ്ഞ ഉടനെയുള്ള ദിവസങ്ങളില്‍ ആവുകയും (പ്രഥമ, ദ്വിതിയ) ചെയ്താല്‍ ആ വ്യക്തിക്ക് രാജയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാരണം അഞ്ചാം ഭാവാധിപതിയായ സൂര്യനും നാലാം ഭാവാധിപതിയായ ചന്ദ്രനും (കേന്ദ്രാധിപതിയും, ത്രികോണാധിപതിയും) ഒന്നിച്ചു നില്ക്കുന്നതുകൊണ്ടാണ്.

ചന്ദ്രന്‍ രണ്ടാം ഭാവത്തിലാണെങ്കില്‍ വ്യക്തി ബുദ്ധിമാന്‍, ധനികന്‍ എന്നീ നിലകളില്‍ ശോഭിക്കുന്നയാളായിരിക്കും. അതുകൂടാതെ ജാതകന്‍ വളരെയധികം ഉദരമനസ്കനുമായിരിക്കും. പക്ഷെ, കാര്യങ്ങള്‍ക്ക് സ്ഥിരത കുറവായിരിക്കും.
എപ്പോഴും മനസ്സിന്‍റെ ചന്ജലതയും, മനംമാറ്റവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജീവിത സൗകര്യങ്ങള്‍ പരിപൂര്‍ണ്ണമായി ആസ്വദിക്കുന്ന ആളായിരിക്കും. വളരെ മധുരമായി സംസാരിക്കുന്ന ആളായിരിക്കും. എങ്കിലും ശരീരത്തില്‍ ഏതെങ്കിലും ഒരു അവയവത്തിന് പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ ജാതകന് കൂട്ടുകാര്‍ ധാരാളം ഉണ്ടായിരിക്കും. പൂര്‍ണ്ണചന്ദ്രനുള്ള ദിവസം ആണെങ്കില്‍ ജാതകന്‍ വളരെ കുറവ് മാത്രമേ സംസാരിക്കുകയുള്ളൂ. പക്ഷെ വളരെയധികം സ്വാധീനശക്തിയുള്ള ആളായിരിക്കും. അതുപോലെ ചന്ദ്രന് ഏതെങ്കിലും തരത്തിലുള്ള ദൌര്‍ഭാഗ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ജാതകന്റെ പഠിപ്പിനെബാധിക്കുന്നതാണ്. അതുമല്ലെങ്കില്‍ വിദ്യാഭ്യാസത്തിന് ഇടയ്ക്ക് വച്ചു തടസ്സം വന്ന്‍ വീണ്ടും തുടരാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ ചന്ദ്രന്‍റെ ബലക്കുറവു കാരണം പലര്‍ക്കും “കോങ്കണ്ണ്‍” വരാനും മതി. മൊത്തത്തില്‍ രണ്ടിലെ ചന്ദ്രന്‍ ലക്ഷ്മിയും, സരസ്വതിയെയും ഒന്നിച്ച് നല്കാന്‍ പര്യാപതനാണ്. പക്ഷെ, ചന്ദ്രന്‍ പൂര്‍ണ്ണബലം, ശുഭദൃഷ്ടി എന്നിവ ഉണ്ടായിരിക്കണമേന്നര്‍ത്ഥം.

ചന്ദ്രന്‍ മൂന്നാം ഭാവത്തിലാണെങ്കില്‍ ജാതകന്‍ പതുക്കെയും സമാധാനത്തിലും സംസാരിക്കുന്ന പ്രകൃതക്കാരനായിരിക്കും. താഴെയുള്ള സഹോദരങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. ചന്ദ്രന്‍ ഏതെങ്കിലും ശുഭ സ്ഥാനത്താണ്‌ ഇരിക്കുന്നതെങ്കില്‍ ജാതകന് നല്ല സന്തോഷകരമായ ജീവിതമായിരിക്കും. ജീവിതത്തിലെ എല്ലാ സുഖസൗകര്യംങ്ങളും ലഭ്യമായിരിക്കും.അതുപോലെതന്നെ ജാതകന്‍ കലാസാഹിത്യം, കാവ്യാദി കാര്യങ്ങളില്‍ തല്പരനായിരിക്കും.

ചന്ദ്രന്‍ മൂന്നാം ഭാവത്തിലിരിക്കുന്ന ജാതകന് സഹോദരിമാര്‍ കുറവായിരിക്കും. വാതസംബന്ധമായ രോഗങ്ങളെ അഭിമുഖികരിക്കേണ്ടിവരും. 24 വയസ്സുവരെ മോശകാലമായിരിക്കുമെങ്കിലും പിന്നീട് സമയം തെളിയാന്‍ സാധ്യതയുണ്ട്. ഈ ജാതകന് വയറു സംബന്ധമായ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാകാവുന്നതാണ്. ഈ ജാതകന്‍ കൂടപിറപ്പുകളെ സംരക്ഷിക്കുന്നവനായിരിക്കും എന്നാണ് പറയേണ്ടത്. പഠനകാര്യങ്ങളില്‍ തല്പരനായിരിക്കും. ജാതകനെ ധാരാളം രോഗങ്ങള്‍ അലട്ടികൊണ്ടിരിക്കും എന്നു വേണം പറയാന്‍.
ചന്ദ്രന്‍ നാലാം ഭാവത്തിലിരിക്കുകയാണെങ്കില്‍ ജാതകന് എല്ലാ വിധ സുഖസൗകര്യങ്ങളും ലഭിക്കുന്നതാണ്. അതുപോലെ ഈ വ്യക്തി മറ്റുള്ളവരുടെ നല്ലതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളായിരിക്കും. അതുപോലെ ഭംഗിയുള്ള സുന്ദരികളായ സ്ത്രീകളിലും ഇയാള്‍ക്ക് വളരെയധികം താല്പര്യം ഉണ്ടായിരിക്കും. ഈ ജാതകന് ധാരാളം സമ്പത്ത്, വീടുകള്‍ എന്നിവ ഉണ്ടായിരിക്കും. പക്ഷെ ആരോഗ്യപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. ഇയാള്‍ക്ക് ധാരാളം കൂട്ടുകാര്‍ ഉണ്ടായിരിക്കും. ഉദാരമതിയായിരിക്കും. സ്വന്തമായി എന്നാല്‍ സുഖസൗകര്യങ്ങള്‍, ധാരാളം വാഹനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ജലയാത്രകള്‍ ചെയ്യാന്‍ വളരെ തല്പരനായിരിക്കാന്‍ സാധ്യധയുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ നല്ല പദവിയിലിരിക്കാന്‍ ഭാഗ്യമുണ്ടായിരിക്കും. ധാരാളം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്ന ആളായിരിക്കും. എല്ലാവര്‍ക്കും സഹായം ചെയ്യുന്നവനും, ധനികനും, ജീവിതവിജയം കൈവരിച്ചയാളും ആയിരിക്കും. നാലാം ഭാവം കര്‍ക്കിടകം, വൃശ്ചികം, മകരം, കുംഭം ഇവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍, അയാള്‍ ജലസംബന്ധമായ ഉല്പന്നങ്ങളില്‍ കച്ചവടം ചെയ്യുന്നവനായിരിക്കും. ജോലികളില്‍ ഇത്തരക്കാര്‍ അമ്പലത്തിലെ പൂജാരികള്‍ ആകാറുണ്ട്. രാഷ്ട്രിയത്തില്‍ ഇവര്‍ക്ക് മന്ത്രി പദവി വരെ പ്രതീക്ഷിക്കാവുന്നതാണ്. സ്ത്രീകള്‍ക്കാണേങ്കില്‍ ചെറുപ്പക്കാലത്ത് ഗുണം കിട്ടിയിട്ടില്ലെങ്കിലും, വിവാഹശേഷം നല്ല കുടുംബജീവിതവും സന്തോഷകരമായി സന്താനഭാഗ്യത്തോടെ ഇരിക്കാറുണ്ട്. നാലാംഭാവം ശുഭഭാവമായി ചന്ദ്രന്‍ അവിടെ നിന്നാല്‍ ഉള്ള ഗുണങ്ങളാണ് മേല്‍പ്പറഞ്ഞത്‌. അതിനു വിപരീതമായി നാലാംഭാവം പാപസ്ഥാനമോ, ചന്ദ്രന്‍ നീചത്തിലോ ഇരുന്നാല്‍ മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ അതുപോലെ കിട്ടിക്കൊള്ളണമെന്നില്ല.
ചന്ദ്രന്‍ അഞ്ചാം ഭാവത്തില്‍ ശുഭനായി, ശുഭയോഗദൃഷ്ടികളോടെയോ, ഉച്ചസ്ഥാനത്തോ ഇരുന്നാല്‍ താഴെപ്പറയുന്ന നല്ല ഗുണങ്ങള്‍ ജാതകന് അനുഭവപ്പെടും.
ഈ ജാതകന് ധാരാളം സ്വത്ത്‌ ഉണ്ടായിരിക്കും. പുത്രകളത്രാദി ഗുണങ്ങള്‍, വളരെയധികം ദൈവവിശ്വാസിയായ ഭാര്യ/ഭര്‍ത്താവ് എന്നിവരെ ലഭിക്കുന്നതാണ്. ജാതകന്‍ നടക്കുന്നത് വളരെ പതുക്കെ ആയിരിക്കും. ജാതകന്‍ മന്ത്രിയാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പഠനത്തില്‍ മുന്നിലായിരിക്കും. ഭക്ഷണം, വസ്ത്രം മുതലായ കാര്യങ്ങളില്‍ വളരെയധികം തല്പര്യമുണ്ടായിരിക്കും. അതായത് സുഖലോലുപത ധാരാളം ഉണ്ടായിരിക്കും. അയാളുടെ ഭാര്യ/ഭര്‍ത്താവ് വളരെയധികം സൌന്ദര്യമുള്ള ആളായിരിക്കും. അഞ്ചാംഭാവത്തില്‍ ചന്ദ്രന്‍ ഇരുന്നാല്‍ സന്താനഭാഗ്യത്തില്‍ ആണ്‍കുട്ടികള്‍ കുറഞ്ഞും, പെണ്‍കുട്ടികള്‍ കൂടുതലും ഉണ്ടായിരിക്കുമെന്നാണ് അഭിമതം. പക്ഷെ ഇന്നത്തെക്കാലത്ത് ആണായിട്ടും, പെണ്ണായിട്ടും ഒന്നുമതി എന്ന്‍ പറയുന്നവര്‍ക്ക് ഇത് പ്രസക്തമല്ല.

ആറാം ഭാവത്തില്‍ ചന്ദ്രന്‍ ഇരിക്കുകയാണെങ്കില്‍ ജാതകന് സന്തോഷം കുറഞ്ഞിരിക്കും. കാരണം ശുഭഗ്രഹങ്ങള്‍ ദുസ്ഥാനത്തിരുന്നാല്‍ നല്ല ഗുണങ്ങള്‍ തരില്ല എന്നുള്ള നിയമം തന്നെ. ചന്ദ്രന്‍ ആറിലാണെങ്കില്‍ ജാതകന് ധാരാളം രോഗങ്ങള്‍ കൊണ്ടുള്ള പീഡകള്‍ അനുഭവിക്കേണ്ടിവരും. പക്ഷെ ചന്ദ്രന്‍ ആറില്‍ ഇരിക്കുന്നത് പൌര്‍ണ്ണമി ദിവസമാവുകയും അത് ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആവുകയും ചെയ്താല്‍ അത്ര മോശഫലങ്ങള്‍ അനുഭവിക്കേണ്ടിവരില്ല. മാത്രമല്ല വളരെയധികം ഗുണങ്ങള്‍ അനുഭവിക്കാന്‍ സാഹചര്യമോരുക്കുകയും ചെയ്യും.

മേല്‍പ്പറഞ്ഞ രീതിയിലല്ല ചന്ദ്രന്‍ ഇരിക്കുന്നതെങ്കില്‍ ജാതകന് ഉദരസംബന്ധമായ അനേക രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതുപോലും പലപ്പോഴും ആയുസ്സിനെപ്പോലും ബാധിക്കാവുന്നതാണ്‌. അതുപോലെ ജീവിതത്തില്‍ പലപ്പോഴായി അപമാനങ്ങള്‍ സഹിക്കേണ്ടി വരും. അതുപോലെ ജാതകന് ലൈംഗികമായി താല്പര്യക്കുറവ് ഉണ്ടാവാന്‍ ഇത് കാരണമാകും. പെട്ടെന്ന് ദേഷ്യം വരുന്ന ആളായിരിക്കും. കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിരിക്കുകയില്ല. തെറ്റിദ്ധാരണങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. അതുപോലെ ഇയാള്‍ക്ക് 36 വയസ്സിന് ശേഷം വിധവകളുമായി ബന്ധമുണ്ടാവാനും സാധ്യതയുണ്ട്. സ്വന്തം അമ്മയുമായി നല്ല സ്നേഹബന്ധത്തിലായിരിക്കാന്‍ സാധ്യത കുറവാണ്. മൊത്തത്തില്‍ 6-ല്‍ ചന്ദ്രന്‍ നല്ലതല്ല എന്ന് പറയാം.

(കഴിഞ്ഞ ലക്കത്തില്‍ വായിക്കാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ വെബ്സൈറ്റ് www.malayaleeastrologer.comലൊ അല്ലെങ്കില്‍ www.malayaleeastrologer.blogspot.in  ലൊ പോയാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൗകര്യമില്ലെങ്കില്‍ ravinair42@gmail.comല്‍ കിട്ടാത്ത ലക്കങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്.)
                                                 (തുടരും)





No comments:

Post a Comment