Friday, December 16, 2016

ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-25 രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍) 9871690151












ജ്യോതിഷത്തിലെ ബാലപാഠങ്ങള്‍-25

രവീന്ദ്രന്‍ നായര്‍(ജ്യോതിഷ് അലങ്കാര്‍) 9871690151

(കഴിഞ്ഞ ലക്കം തുടര്‍ച്ച)

                    ബുധന്‍ ആറു ഭാവങ്ങളിലും എന്തൊക്കെ ഫലങ്ങള്‍ തരുമെന്ന് നാം കണ്ടുകഴിഞ്ഞു. ഇനി നോക്കാന്‍ പോകുന്നത് ബുധന്‍ ജാതകത്തിലെ എഴാം ഭാവത്തിലാണെങ്കില്‍ വരാവുന്ന ഫലങ്ങളാണ്.

      ബുധന്‍ എഴാം ഭാവത്തില്‍ മൌഡ്യമില്ലാതെ നിന്നാല്‍ ഭാര്യക്ക് വളരെയധികം ഗുണങ്ങള്‍ ലഭിക്കും. (അതുപോലെതന്നെ ഭാര്യയുടെ ജാതകത്തില്‍ ആണെങ്കില്‍ ഭര്‍ത്താവിനു ഗുണം ലഭിക്കും). ഈ ജാതകന് സുന്ദരിയായ ഭാര്യയെ ലഭിക്കും. ശരീരത്തിന് നല്ല നിറം ഉണ്ടാകും. ധര്മ്മത്തിനെ പറ്റി നല്ല അറിവുള്ള ആളായിരിക്കും. സന്താനങ്ങള്‍ ഉണ്ടായിരിക്കും. മദുരമായി സംസാരിക്കാന്‍ കഴിവുള്ള ആളായിരിക്കും. പല കാര്യങ്ങളിലും വാതപ്രതിവാതങ്ങളില്‍ ഏര്‍പ്പെടും. വളരെയധികം സത്യസന്ധനായിരിക്കും. വ്യാപാര കാര്യങ്ങളില്‍ ഇയാള്‍ക്ക് നല്ല ലാഭം കിട്ടും. ഭാര്യാ ഭര്‍ത്താകന്മാര്‍ തമ്മില്‍ വളരെയധികം സ്നേഹമുണ്ടായിരിക്കും. പക്ഷെ ബുധന്‍റെ ഇരിപ്പ് നല്ല സ്ഥാനത്തല്ലെങ്കില്‍ ഫലം തിരിച്ചായിരിക്കും 

അനുഭവിക്കുക. സ്ത്രീജാതകത്തില്‍ 7ല്‍ ബുധന്‍ പാപയോഗം ഉണ്ടായാല്‍ ഭര്‍ത്ത്യനാശം ആണ് ഫലം.

      ബുധന്‍, മിഥുനം, തുലാം അല്ലെങ്കില്‍ ധനു രാശിയിലാണെങ്കില്‍ ജാതകന്‍ അധ്യാപകനോ, വാക്കിലോ, പ്രസിദ്ധികരണക്കാരനോ (പബ്ലിഷര്‍-പ്രകാശകന്‍) ആകാന്‍ സാധ്യതയുണ്ട്.

      ബുധന്‍ ഇരിക്കുന്നത് ഇടവം, കന്നി, മകരം എന്നീ രാശികളിലേതെങ്കിലും ഒന്നിലാണെങ്കില്‍ അയാള്‍ വ്യാപാരി, ക്ലറിക്കല്‍ ജോലികള്‍ ചെയ്യുന്നവനാകും (ഇന്നത്തെ കാലത്ത് എം.ബി.എ ക്കാരനോ, മാനേജരോ എന്ന് വേണം പറയാന്‍).

      ബുധന്‍ കര്‍ക്കിടകം, വൃശ്ചികം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നിലാണെങ്കില്‍ ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്യാനാണ് സാധ്യത.

      ബുധന്‍ ജാതകത്തില്‍ 7ല്‍ നല്ല സ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് മറ്റുള്ളവരുടെ മനോഗതം മുന്‍കൂട്ടി അറിയുവാനുള്ള കഴിവുണ്ടായിരിക്കും എന്ന് വേണം പറയാന്‍. അത് അയാള്‍ തന്‍റെ ജ്യോതിശാസ്ത്രത്തിലുള്ള കഴിവിലൂടെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ബുധന്‍ എട്ടിലാണെങ്കില്‍ ഈ ജാതകന് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. സ്വന്തം നാട്ടിലും, പരദേശത്തിലും വളരെയധികം പ്രസിദ്ധനായിരിക്കും. സര്‍ക്കാരില്‍നിന്നും പല കാര്യങ്ങളിലും നേട്ടമുണ്ടായിരിക്കും. സ്ത്രീ സമ്പര്‍ക്കം കൂടുതലായിരിക്കും. ഈ ജാതകന്‍ വളരെ പരോപകാരിയായിരിക്കും. ഈ ജാതകക്കാര്‍ പഴയകാലത്ത് നാടുവാഴികള്‍ ആയിരുന്നിരിക്കും. നാടുവാഴിയുടെ അധികാരങ്ങളും ദുസ്വഭവങ്ങളും ഇത്തരക്കാരില്‍ ധാരാളം കണ്ടു വരുന്നുണ്ട്. ഇവരുടെ മരണം ശാന്തമായ ചുറ്റുപാടുകളില്‍ നടക്കും എന്ന് പ്രത്യേകമായി പറയേണ്ടതുണ്ട്. ഇവര്‍ക്ക് സ്ത്രീകളോട് ആസക്തി കൂടുതലായിരിക്കും. അതുകൊണ്ട് പലപ്പോഴും അനാവശ്യമായ വാക്കുകളിലും കാര്യങ്ങളിലും പെട്ട് ആയുധം കൊണ്ട് മുറിവുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

      ബുധന്‍റെ ഇരിപ്പ് മോശമാണെങ്കില്‍ ജാതകന് രോഗങ്ങള്‍ ധാരാളം വരും. ബന്ധുക്കള്‍ കുറഞ്ഞവനായിരിക്കും. പലപ്പോഴും ഇവരുടെ മരണം ഏതെങ്കിലും തീര്‍ത്ഥ സ്ഥലങ്ങളില്‍ വച്ച് ആകാനും സാധ്യതയുണ്ട്. ബുധന്‍ നീച്ചനോ, മൌഡ്യനോ ഒക്കെ ആയിരുന്നാല്‍ തലച്ചോറും നാടികളും രോഗബാധിതമാകാന്‍ ഇടയുണ്ട്. പലര്‍ക്ക്‌ ശുദ്ധ വിദ്യകളിലുടെ ആധ്യാത്മിക കാര്യങ്ങളിലും വളരെയധികം തല്പര്യമുണ്ടായിരിക്കും. ഇവര്‍ അത്യാവശ്യ സമയങ്ങളില്‍ വളരെയധികം ജാഗരൂഡരായിരിക്കും. ചിലപ്പോള്‍ അതീന്ദ്രിയബോധം ഉണ്ടാകും. ഈ സമയത്ത് ഇവരെക്കാണുബോള്‍ മറ്റുള്ളര്‍വര്‍ക്ക് ഭയം തോന്നാവുന്നതാണ്.
      ബുധന്‍ ഒമ്പതിലാനെങ്കില്‍ ജാതകന്‍ വളരെയധികം വിദ്യയും, ധനവും, നല്ല പെരുമാറ്റതോടു കൂടിയവനും ആയിരിക്കും. വാക്സാമര്‍ത്ഥ്യം, ധര്‍മ്മശീലം എന്നീ ഗുണങ്ങളും ഉണ്ടായിരിക്കും. ധാര്‍മ്മിക കാര്യങ്ങളില്‍ വളരെ താല്പര്യമുള്ള ആളായിരിക്കും. ബുദ്ധിമാനാകുമെന്നു കൂടാതെ മെഡിക്കല്‍ രംഗത്ത് ഇയാള്‍ ശോഭിക്കാന്‍ സാധ്യതയുണ്ട്. രാജതുല്യപ്രാപ്തി (നല്ല ബ്യൂറോക്രാറ്റ്) ഉണ്ടായിരിക്കും. അധികാരങ്ങളും ഉണ്ടായിരിക്കും. ഇയാള്‍ക്ക് സജ്ജനങ്ങളുമായി നല്ല സംസര്‍ഗ്ഗം ഉണ്ടായിരിക്കും. സ്വന്തം കുലത്തിന്‍റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ഇയാള്‍ക്ക് സാധിക്കും.

      ഈ ജാതകന് സന്താനസുഖവും, സമ്പത് ഭാഗ്യവും ധാരാളം ഉണ്ടായിരിക്കും. ധാനശീലനും പരോപകാരിയുമായിരിക്കും. പുണ്യകര്‍മ്മങ്ങളില്‍ തല്പര്യമുണ്ടായിരിക്കും.
      പക്ഷെ, മേല്‍പ്പറഞ്ഞ സത്ഗുണങ്ങള്‍ ലഭിക്കുക, ജാതകത്തില്‍ ബുധന്‍ ഒമ്പതില്‍ വളരെയധികം ബലവാനായി നല്ല സ്ഥലത്തിലിരിക്കുമ്പോഴാണ്. ബുധന്‍ ഇരിക്കുന്നത് ഒമ്പതില്‍ ആണെങ്കില്‍ ഇരിക്കുന്ന ഭാവം മോശമാണെങ്കിലോ അല്ലെങ്കില്‍ നീചത്തിലോ, മൌഡ്യത്തിലോ ആയിരുന്നാല്‍ ഗുണങ്ങള്‍ക്ക് വ്യത്യാസം ഉണ്ടായിരിക്കും.

      ബുധന്‍ ദുര്‍ബലന്‍ ആണെങ്കില്‍ സ്വന്തം ബുദ്ധിയിലും കഴിവിലും വളരെയധികം അഹങ്കാരമുണ്ടായിരിക്കും. ദുര്‍മാര്‍ഗ്ഗത്തിലുടെ സഞ്ചരിക്കും. പിതാവിന് ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരും. അതുപോലെ വിദ്യ നല്‍കിയ ഗുരുവുമായി പിണങ്ങേണ്ടി വരും. സംഗീതത്തില്‍ രുചി ഉണ്ടാകും. സംഗീതത്തെ വേറെ ദിശയിലേക്ക് തിരിച്ച് വിടും.

      ജാതകത്തില്‍ ഒമ്പതാം ഭാവം മിഥുനം, തുലാം, കുംഭം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ അവിടെ ബുധന്‍ നില്‍ക്കുകയുമാണെങ്കില്‍ ജാതകന് വിവാഹാനന്തര ഭാഗ്യനുഭാവം ഉണ്ടായിരിക്കും. തൊഴില്‍ കാര്യങ്ങളില്‍ ഉന്നതി പ്രാപിക്കും. പത്ര പ്രവര്‍ത്തനം, പുസ്തക പ്രസിദ്ധികരണം എന്നീ തുറകളില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.

      മേടം, ചിങ്ങം, ധനു എന്നീ രാഷികളിലെതെങ്കിലുമോന്നില്‍ ഒമ്പതാം ഭാവമായി ബുധന്‍ അവിടെ ഇരിക്കുകയാണെങ്കില്‍ ജാതകന് തൊഴില്‍ പരമായി ഗണിത ശാസ്ത്രജ്ഞന്‍, അധ്യാപകന്‍ അല്ലെങ്കില്‍ ജ്യോതിഷി എന്നീ നിലകളില്‍ വിജയിക്കാനാണ് സാധ്യത.

      ഇടവം, കന്നി, മകരം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒമ്പതാം ഭാവമായി വന്ന്‍ അവിടെ ബുധന്‍ ഇരിക്കുകയാണെങ്കില്‍ ജാതകന്‍ വലിയ കമ്പനികളില്‍ മാനേജ്‌മെന്റ്റ് വിധഗ്ദ്ധനോ അല്ലെങ്കില്‍ സ്വന്തമായി തന്നെ ബിസിനസ്സ് ചെയ്യുന്നവനോ ആയിരിക്കും(വലിയ ബിസിനസ്സുമാന്‍).
      കര്‍ക്കിടകത്തിലോ, വൃശ്ചികത്തിലോ, മീനത്തിലോ ആണ് ബുധന്‍ നില്‍ക്കുന്നതെങ്കില്‍ കമ്മ്യൂണിക്കെഷന്‍ സംബന്ധമായ രംഗത്ത് വിജയിക്കാനാണ് സാധ്യത.

      പത്താം ഭാവത്തിലാണ് ബുധന്‍ എങ്കില്‍ ജാതകന് നല്ല ബുദ്ധിശക്തി ഉണ്ടായിരിക്കും. അതുകൂടാതെ സദ്‌ പ്രവര്‍ത്തികള്‍ ചെയ്യുന്നവനും ആയിരിക്കും. നല്ല രീതിയില്‍ പെരുമാറ്റമുള്ളയാളായിരിക്കും. തുടങ്ങുന്ന പ്രവര്‍ത്തികള്‍ വിജയിപ്പിക്കുവാന്‍ കഴിവുള്ള ആളായിരിക്കും. ഈ വ്യക്തി വിദ്വാനും, കാര്യങ്ങളില്‍ നല്ല ധൈര്യമുള്ളവനും ആയിരിക്കും. അതുപോലെതന്നെ ഇയാള്‍ക്ക് പല കാര്യങ്ങളിലും ഒരേ സമയത്ത് താല്പര്യമുണ്ടായിരിക്കും.

      ജാതകത്തില്‍ പത്തില്‍ ബുധന്‍ ഇരിക്കുകയാണെങ്കില്‍ ജാതകന് പിതൃസമ്പത്ത് വളരെയധികം ലഭിക്കും എന്നുവേണം പറയാന്‍. അതുപോലെ തന്നെ ആ വ്യക്തി(ജാതകന്‍) മിതഭാഷിയായിരിക്കും. ഇയാള്‍ക്ക് ശിക്ഷ നലകാനുള്ള അധികാരം ലഭിക്കും. അതായത് ഇങ്ങനെയുള്ളവര്‍ കോടതിയില്‍ ജഡ്ജികളായി വരാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി വകീലന്മാരുടെ തൊഴിലില്‍ ഇവര്‍ വിജയിക്കും എന്നര്‍ത്ഥം. ഇവര്‍ കാര്യങ്ങള്‍ മാത്രം സംസാരിക്കും. നല്ല രീതിയില്‍ വസ്ത്രം ധരിക്കും. ഈ ജാതകത്തില്‍ എല്ലാ കാര്യത്തിലും ഒരു പൂര്‍ണത ഉണ്ടായിരിക്കും. സത്യത്തെ അടിസ്ഥാനമാക്കി ജീവിക്കും. മധുരമായി സംസാരിക്കാനും, സ്വന്തം പ്രയത്നം കൊണ്ട് ധനം സമ്പാദിക്കാനും കഴിവുള്ള ആളായിരിക്കും. സാഹിത്യപരമായും, സന്ദര്‍ഭമനുസരിച്ച് കാര്യങ്ങള്‍ സംസാരിക്കാനും കഴിവുള്ള ആളായിരിക്കും. ബുധന്‍ ബലവാനാണെങ്കില്‍ പ്രവര്‍ത്തനങ്ങളില്‍ വിജയം സിദ്ധിക്കും. ഇവര്‍ക്ക് ഭരണാധികാരികളുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്നത്‌ കൊണ്ട് ജോലികളില്‍ നല്ല ഉയര്‍ച്ച ഉണ്ടാകും. ബുധന്‍ ജാതകത്തില്‍ മേടം, ചിങ്ങം, ധനു എന്നീ രാശികളില്‍ (പത്താം ഭാവത്തില്‍) ആണെങ്കില്‍ ജാതകന്‍ കണക്ക് ടീച്ചര്‍ ആയിരിക്കുവാന്‍ സാധ്യതയുണ്ട്.

      ജാതകത്തില്‍ പത്താം ഭാവം മിഥുനം, തുലാം, കുംഭം ഇവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ ജാതകന്‍ സര്‍വ്വേ ഡിപ്പാര്‍ട്ടമേന്‍റെ അല്ലെങ്കില്‍ പീ.ഡബ്ല്യു.ഡീ എന്നീ രംഗങ്ങളിലായിരിക്കും.

      ഇടവം, കന്നീ. മകരം മുതലായ ഏതെങ്കിലും രാശികളിലോന്നാണ് ബുധന്‍ ഇരിക്കുന്നതെങ്കില്‍ ആ ഭാവം പത്താം ഭാവമായി വന്നാല്‍ ജാതകന്‍ വ്യാപാരി ആയിരിക്കും. അല്ലെങ്കില്‍ ബ്രോക്കര്‍ ആവാനും മതി.
      ബുധന്‍ ഇരിക്കുന്നത് കര്‍ക്കിടകം, വൃശ്ചികം, മീനം മുതലായ ഏതെങ്കിലും രാശികളില്‍ ആണെങ്കില്‍ ജാതകന്‍ പത്രപ്രവര്‍ത്തകനും, പ്രാസംഗികനോ ആയി തീരാവുന്നതാണ്.

      (കഴിഞ്ഞ ലക്കങ്ങള്‍ വായിക്കുവാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ വെബ്സൈറ്റ് www.malayaleeastrologer.blogspot.in  അല്ലെങ്കില്‍ www.malayaleeastrologer.com  ലോ പോയാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൌകര്യമില്ലെങ്കില്‍ ravinair42@gmail.comല്‍ കിട്ടാത്ത ലക്കങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്.)         
           .
      

               

No comments:

Post a Comment