Thursday, December 22, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-19. രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍). ഫോണ്‍-9871690151







ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-19

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)

ഫോണ്‍-9871690151

               അടുത്തതായി കുജന്‍(ചൊവ്വ) ജാതകത്തില്‍ വിവിധ ഭാവങ്ങളില്‍ നിന്നാലുള്ള ഫലങ്ങള്‍ ആണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. കുജന്‍ ഒരു പാപഗ്രഹമാണ് എന്ന കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം. കുജദോഷം (ചൊവ്വദോഷം) എന്താണെന്നു കേള്‍ക്കാത്തവരോ അറിയാത്തവരോ വളരെ ചുരുക്കം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അങ്ങനെയുള്ള ഗ്രഹമാണ് ചൊവ്വ എന്നും അംഗാരകായ്‌കന്‍ (വളരെയധികം ചൂട് കൂടിയ ഗ്രഹം) എന്നും പേരുകളുള്ള കുജന്‍.

     കുജന്‍ ജാതകന്റെ ലഗ്നത്തില്‍(ഒന്നാം ഭാവത്തില്‍) നില്‍ക്കുകയാണെങ്കില്‍ ജാതകന്‍ വളരെയധികം ക്രൂരസ്വഭാവമുള്ള ആളായിരിക്കും. അതുപോലെ തന്നെ അതിസാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആളായിരിക്കും. വളരെയധികം അഭിമാനി ആയിരിക്കുകയും ചെയ്യും. ആരു പറഞ്ഞാലും കൂട്ടാക്കാത്ത പ്രകൃതക്കാരനായിരിക്കും. ഇത്തരക്കാരില്‍ പലരും അല്പായുസ്സുകളായിരിക്കും.

 കാരണം കുജന് ഏഴിലെക്കും എട്ടിലേക്കും ദൃഷ്ടിയുള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ വളരെയധികം സഞ്ചാരശീലമുള്ളവരും ആയിരിക്കും. ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള ജോലികളില്‍ ഏര്‍പ്പെടുക വഴി അവയില്‍ നിന്നും ധാരാളം മുറിവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ലഗ്നത്തില്‍ നിന്ന് എഴാംഭാവത്തിലേക്ക് ദൃഷ്ടിയുള്ളതു കൊണ്ട് ഭാര്യ/ഭര്‍ത്യനാശം ഉണ്ടാവാനും ഇടയുണ്ട്. അതുകൊണ്ടാണ് ഒരാള്‍ക്ക് കുജദോഷമുണ്ടെങ്കില്‍ വിവാഹത്തിലെ മറ്റു പങ്കാളിക്കും അതുപോലെ കുജദോഷം വേണമെന്ന് പറയുന്നത്. 

ഈ ജാതകന് തലയില്‍ എന്തെങ്കിലും രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവല്ല. ജാതകന് നുണ പറയുന്ന സ്വഭാവവും വളരെ കൂടുതലായിരിക്കും. ചെറുപ്പക്കാലത്ത് ഉദരരോഗം, ദന്തരോഗം, ത്വക്ക്രോഗങ്ങള്‍ കൊണ്ടുള്ള ശല്യം സഹിക്കുന്ന വ്യക്തിയും ആയിരിക്കും.

     പൊതുവേ കുജന്‍ ലഗ്നത്തില്‍ ഇരിക്കുന്നത് വളരെ നല്ലതല്ല. എങ്കിലും കുജന്‍ ലഗ്നത്തില്‍ സ്വക്ഷേത്രത്തില്‍ ഇരിക്കുകയാണെങ്കില്‍ ആരോഗ്യം, ശരീരദാര്‍ഡ്യം എന്നീ ഗുണങ്ങള്‍ നല്‍കുന്നതാണ്. അതുപോലെ സര്‍ക്കാരില്‍ നിന്നും ബഹുമതികള്‍ക്കും പാത്രീഭൂതനായി തീരും. ഈ ജാതകന് കീര്‍ത്തിയും, ദീരഘായുസ്സും ഉണ്ടാകുന്നതിനോടൊപ്പം കുജന്‍ ഉച്ചത്തിലാണെങ്കില്‍ വിദ്യയും, ധനവും ധാരാളം ഉണ്ടാകും എന്നാണ് അനുമാനിക്കേണ്ടത്.

     പക്ഷെ പലപ്പോഴും ജാതകന്‍ സിംഹതുല്യ പ്രതാപി ആയാലും പ്രവര്‍ത്തനങ്ങളുടെ ഫലം ലഭിക്കുന്നതില്‍ പല തടസ്സങ്ങളും അനുഭവപ്പെടാറുണ്ട്. ജാതകത്തില്‍ കുജന്‍ കൂടുതല്‍ ബലവാനാണെങ്കില്‍ ചെറുപ്പക്കാലത്ത് കുട്ടികള്‍ക്ക് ചൂടുകുരുക്കള്‍, ചൊറി, ചിരങ്ങ് എന്നീ രോഗങ്ങള്‍ വരാവുന്നതാണ്.

     ലഗ്നം മേടമോ, ചിങ്ങമോ, ധനുവോ ആയി അവിടെ ചൊവ്വ നില്‍ക്കുകയാണെങ്കില്‍ ജാതകന് തലവേദനയും, രക്തദോഷവും അനുഭവപ്പെടുന്നത് കൂടാതെ ജാതകന്‍ വളരെ സാഹസിയും, കഠിന സ്വഭാവക്കാരനും ആയിതീരാനുള്ള സാധ്യതയും ഉണ്ട്. അതുപോലെ ലഗ്നം മിഥുനം, തുലാം, കുംഭം ഇവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ പ്രയത്നഫലം ലഭിക്കാറായ ഘട്ടത്തില്‍ പലതരം ക്ലേശങ്ങള്‍ അനുഭവപ്പെടുന്നതാണ്. പലപ്പോഴും വീട് വിട്ട് നില്‍ക്കെണ്ടതായും വരാം.

     ഇടവം, കന്നി, മകരം മുതലായവയില്‍ ഏതെങ്കിലുമൊരു ലഗ്നമാണ് ജാതകന്റെ എങ്കില്‍ അയാള്‍ സ്വാര്‍ത്ഥനും, പരവിദ്വേഷവും, വഴക്കിടുന്ന സ്വഭാവവും, ലഹരി പ്രിയനും ആയിരിക്കും.

     ലഗ്നം കര്‍ക്കിടകം, വൃശ്ചികം, മീനം എന്നിവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍, വ്യക്തിക്ക് മദ്യപാനാസക്തി, വ്യഭിചാരാസക്തി എന്നിവ കൂടുതലായിരിക്കും. ഡോക്ടര്‍മാരുടെ ജാതകത്തില്‍ ലഗ്നത്തില്‍ ചൊവ്വ നിന്നാല്‍ അവര്‍ക്ക് ശസ്ത്രക്രിയയില്‍ വലിയ താല്പര്യമുണ്ടാകും. ഇങ്ങനെയുള്ള ഗൃഹനില വക്കീലിനാണെങ്കില്‍ അയാള്‍ ക്രിമിനല്‍ കേസുകളില്‍ കൂടുതല്‍ താല്പര്യം കാണിക്കും.

     കര്‍ക്കിടക ലഗ്നത്തില്‍ ചൊവ്വ നിന്നാല്‍ സ്വന്തം പരിശ്രമം കൊണ്ട് ആ വ്യക്തി ധനം സമ്പാദിക്കും. ചിങ്ങത്തിലാണ് കുജനെങ്കില്‍ അയാള്‍ക്ക് ഈശ്വരാധീനം കൊണ്ട് ഉയര്‍ച്ചയും, ധനലാഭവും ഉണ്ടാകും.

     ഇടവം, കന്നി, മകരം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഗ്നമായി വന്ന്‍ അവിടെ ചൊവ്വ ഇരിക്കുകയാണെങ്കില്‍, ഈ ജാതകന്‍ പിശുക്കനായിരിക്കാന്‍ സാധ്യതയുണ്ട്. മിഥുനം, തുലാം എന്നി രാശികള്‍ ലഗ്നമായി വന്ന്‍ അവിടെ കുജന്‍ ഇരുന്നാല്‍, ജാതകന്‍ ആളുകളോട് സ്നേഹത്തോടെ പെരുമാറുന്ന ആളായിരിക്കും. പക്ഷെ ഇടവം, കന്നി, മകരം എന്നി ലഗ്നക്കാര്‍ക്ക് ലഗ്നത്തിലിരിക്കുന്ന ചൊവ്വ വളഞ്ഞ വഴിയിലുടെ ധനസമ്പാദത്തിനു ജാതകനെ നിര്‍ബന്ധിതനാക്കും.

     കുജന്‍ രണ്ടാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങളാണ് നമ്മള്‍ ഇനി നോക്കാന്‍ പോക്കുന്നത്.

     ജാതകത്തില്‍ കുജന്‍ രണ്ടാം ഭാവത്തില്‍ ആണെങ്കില്‍ ജാതകന് ധനക്ലേശം അനുഭവികേണ്ടതായി വരും. വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും ധാരാളം തടസ്സങ്ങള്‍ അനുഭവപ്പെടാം.എല്ലാവരുമായും വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. വളരെ അധികം സഞ്ചാരപ്രിയനായിരിക്കും. എപ്പൊഴും കോപത്തോടു കൂടിയവനായിരിക്കും. പക്ഷെ കാര്യങ്ങളെ കുറിച്ച് വളരെ ഗഹനമായി ചിന്തിക്കുന്ന സ്വഭാവം ഉണ്ടായിരിക്കും.

 അതുപോലെതന്നെ പെട്ടെന്ന്‍ ധനം സമ്പാദിക്കാനുള്ള വഴികളില്‍ താല്‍പര്യം തോന്നാം. ഗാംബ്ലിംഗ്(ചുതുകളി) മുതലായ കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരിക്കാം. പൊതുവേ കൃശശരീരനാണെങ്കിലും സാഹസിക കാര്യങ്ങളില്‍ താല്‍പര്യമുള്ളവനായിരിക്കും. വ്യാപാരസംബന്ധമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളയാളായിരിക്കും. പക്ഷെ പലപ്പോഴും ബുദ്ധി സമയത്ത് പ്രവര്‍ത്തിക്കാത്തത് കൊണ്ട് വേണ്ടപോലെ അഭിവൃദ്ധി ഉണ്ടായിക്കൊള്ളണമെന്നില്ല.

     ഈ ജാതകന് അഗ്നിയില്‍ നിന്നും, കള്ളന്മാരില്‍ നിന്നും അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇയാള്‍ വളെരെയധികം അഭിമാനി ആയിരിക്കും. കുജന്‍ മാരകസ്ഥാനത്ത് ഇരിക്കുന്നത്കൊണ്ട് പലപ്പോഴും ആയുസ്സ് കുറവായിരിക്കുകയും ചെയ്യും. ധനം വരുമെങ്കിലും അനാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നത് കൊണ്ട് എല്ലായ്പ്പോഴും ഈ വ്യക്തിക്ക് ധനക്ലേശം അനുഭവിക്കേണ്ടിവരും. 

പലപ്പോഴും ഈ ജാതകന് വൃത്തി കുറവായിരിക്കും. നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്യാന്‍ താല്‍പര്യമുണ്ടായിരിക്കുകയില്ല. മേടം, ചിങ്ങം, ധനു എന്നീ രാശികളിലാണ് ചൊവ്വ ഇരിക്കുന്നതെങ്കില്‍ ലോട്ടറി, പന്തയം, ഊഹകച്ചവടം എന്നീവഴിലൂടെ ധനം സംബാധിക്കുമെങ്കിലും മറ്റു കാരണവശാല്‍ ചൊവ്വയ്ക്ക്‌ ബലകുറവുണ്ടെങ്കില്‍ ആ ധനത്തെ നിലനിര്‍ത്താന്‍ കഴിയാതെ വരും.

     ഇനി കുജന്‍ മൂന്നാം ഭാവത്തില്‍ ഇരുന്നാലുള്ള ഫലങ്ങള്‍ നോക്കാം.
     ഒരാളുടെ ജാതകത്തില്‍ കുജന്‍ മൂന്നാംഭാവത്തിലാണെങ്കില്‍ ആ വ്യക്തി വളരെ ശൂരനും വീരപരാക്രമിയും ആയിരിക്കും. പെട്ടെന്ന് മറ്റുള്ളവര്‍ക്ക് കീഴ്പ്പെടുന്നവന്‍ ആയിരിക്കുകയില്ല. പക്ഷെ ഈ ജാതകന് ജീവിതത്തില്‍ സഹോദര വിയോഗം അനുഭവികേണ്ടി വരാം. അതായത് സഹോദരങ്ങള്‍ ഇല്ലാതിരിക്കുകയോ, ഉള്ള സഹോദരങ്ങള്‍ നഷ്ടപ്പെടുകയോ ആവാം. 

ഈ ജാതകന്‍ പ്രശസ്ത്നായിരിക്കാന്‍ സാധ്യതയുണ്ട്. പല നല്ല ഗുണങ്ങളും ഇയാള്‍ക്ക് ഉണ്ടായിരിക്കും. ഇയാളുടെ വീട്ടില്‍ ലക്ഷ്മി ദേവത(പണം) വസിക്കുന്നുണ്ടായിരിക്കും. പക്ഷെ നിര്‍ബന്ധ ബുദ്ധിക്കാരനായിരിക്കും. തപശ്ചര്യ, പൂജാവിധികള്‍ എന്നിവ അനുഷ്ഠാനങ്ങള്‍ ചെയ്യുന്നവനായതു കൊണ്ട് ജീവിതത്തില്‍ ധാരാളം ചിട്ടവട്ടങ്ങള്‍ ഉള്ള ആളായിരിക്കും. 

ധാര്‍മ്മിക കാര്യങ്ങളില്‍ നല്ലവണ്ണം താല്‍പര്യമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ നല്ല ആത്മധൈര്യം ഉള്ള ആളായിരിക്കും. കുജനോടൊപ്പം രാഹുകേതുക്കള്‍ ചേര്‍ന്നാല്‍ ഈ വ്യക്തിക്ക് സ്വഭാവദൂഷ്യം അനുഭവപ്പെടാം. പ്രത്യേകിച്ചും സ്ത്രീവിഷയങ്ങളില്‍ ആയിരിക്കും കൂടുതല്‍ താല്‍പര്യം. ഈ ജാതകന്‍ മറ്റുള്ളവരെ ജയിക്കുന്നതിനു വേണ്ടി തന്‍റെ കഴിവുകളെ പരമാവധി ഉപയോഗിക്കും. സ്വന്തം അഭിപ്രായങ്ങളെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും.

     മേല്‍പ്പറഞ്ഞ ഫലങ്ങള്‍ അനുഭവപ്പെടുന്നത് കുജന്‍ മൂന്നാം ഭാവത്തില്‍ ഏതേതു രാശികളിലാണ്‌ ഇരിക്കുന്നത് എന്നതനുസരിച്ചായിരിക്കും എന്ന കാര്യം പറയേണ്ടതില്ലല്ലോ? ഒരാളുടെ ജാതകത്തില്‍ ഏതു ഗൃഹത്തിന്റെ ഇരിപ്പായാലും ഈ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും ഫലങ്ങള്‍ അനുഭവപ്പെടുക. ചൊവ്വ ഇരിക്കുന്നത് സ്ത്രീപുരുഷ രാശിയിലാണെങ്കില്‍ സഹോദരയോഗം ഉണ്ടായിരിക്കുകയില്ല. 

അതുപോലെതന്നെ മാതാവിനും അത്രനല്ലതല്ല. സഹോധരന്മാരുമായി വസ്തുതര്‍ക്കം ഉണ്ടാകാനും ഇടയുണ്ട്. ഈ ജാതകന്റെ മൂന്നില്‍ ബലവാനായി കുജന്‍ ഇരുന്നാല്‍ അയല്‍പക്കക്കാരുമായി വഴാക്കിടാനുള്ള സാധ്യതയുണ്ട്. പലപ്പോഴും കേസ്സില്‍ സാക്ഷിയായി കോടതി കയറേണ്ട സാഹചര്യങ്ങളും വന്നെന്നിരിക്കും.ജാതകന്റെ കുജന്‍ ഇരിക്കുന്നത് മേടത്തിലോ, വൃശ്ചികത്തിലോ അല്ലെങ്കില്‍ ഉച്ചത്തിലോ ആണെങ്കില്‍ സഹോധരന്മാര്‍ക്ക് ദീരഘായുസ്സുണ്ടായിരിക്കും. 

അതുപോലെ കുജന്‍ മന്ദഭാവങ്ങളില്‍ ഇരിക്കുകയും ശുഭദൃഷ്ടികള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യ്താല്‍ ജാതകന്റെ ഭാര്യയ്ക്ക് പരപുരുഷബന്ധങ്ങള്‍ ഉണ്ട് എന്നും പറയാറുണ്ട്. പ്രത്യേകിച്ചും കുജന്‍ എഴാം ഭാവാധിപതിയായോ, ശുക്രനുമായോ ബന്ധം വന്നാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്‌ എന്നു പറയാം.

                                           (തുടരും.....)

(കഴിഞ്ഞ ലക്കത്തില്‍ വായിക്കാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ വെബ്സൈറ്റ് www.malayaleeastrologer.comലൊ അല്ലെങ്കില്‍ www.malayaleeastrologer.blogspot.in  ലൊ പോയാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൗകര്യമില്ലെങ്കില്‍ ravinair42@gmail.comല്‍ കിട്ടാത്ത ലക്കങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്.)

        

No comments:

Post a Comment