Saturday, December 17, 2016

ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-18 രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍) ഫോണ്‍-9871690151











ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-18

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)

ഫോണ്‍-9871690151

     ജാതകത്തില്‍ ചന്ദ്രന്‍ പതിനൊന്നാം ഭാവത്തിലാണെങ്കില്‍ ജാതകന്‍ ധനവാനും, കൂടുതല്‍ സന്താനങ്ങലുള്ളവനും, ദീര്‍ഘായുസ്സും, ധാരാളം ഭൃത്യന്മാരുള്ളവനും മൃദുല സ്വഭാവക്കാരനും പ്രശസ്തനും ആയിരിക്കും. അതുപോലെ ഈ ജാതകന്‍ സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ വളരെ താല്‍പര്യമുള്ളവനായിരിക്കും. സ്വഗൃഹത്തില്‍ നല്ല ഐശ്വര്യം ഉള്ളവനായിരിക്കും. സര്‍ക്കാരില്‍ നിന്നും വളെരെയധികം സൗജന്യങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ടായിരിക്കും. നല്ല നടപടികള്‍ ഉള്ള ആളായിരിക്കും. വളരെയധികം ലജ്ജാലൂ ആയിരിക്കും. മറ്റുള്ളവരില്‍ നിന്നും വളെരെയധികം ബഹുമാനങ്ങള്‍ ലഭിക്കാന്‍ ഇടവരുന്നതാണ്. ജീവിതത്തില്‍ നല്ല നിലയില്‍ സ്വന്തമായി ധാരാളം വാഹനങ്ങള്‍ ഉണ്ടായിരിക്കും. എല്ലായ്പ്പോഴും പ്രസന്നനായിരിക്കും. ഈ ജാതകന്‍ സുഖാനുഭവങ്ങളുടെ ലാഭം അനുഭവപ്പെടുന്നവനായിരിക്കും.

     സ്ത്രീ സന്താനങ്ങള്‍ ഈ ജാതകന് കൂടുതലായും ഉണ്ടായിരിക്കും. ഇയാള്‍ വളരെയധികം കീര്‍ത്തിമാനായിരിക്കും. പക്ഷെ രോഗങ്ങള്‍ ധാരാളം വരാനുള്ള സാധ്യതയുണ്ട്. സഹജീവികളോട് വളെരയധികം ദയ കാട്ടുന്നവനായിരിക്കും. സ്വന്തമായി ധാരാളം ലാഭങ്ങള്‍ കിട്ടുന്നവന്‍ ആണെന്നു മാത്രമല്ല, മറ്റുള്ളവര്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്യാനും മടികാട്ടാത്തവനായിരിക്കുകയും ചെയ്യും. ഈ ജാതകന്‍ ശ്രദ്ധിക്കേണ്ട കാര്യം ധാരാളം സ്ത്രീകളുമായി സഹവാസമുള്ളതുകൊണ്ട് രോഗങ്ങള്‍ വരാതെ സൂക്ഷികേണ്ടതായി വരും. ഇയാള്‍ക്ക് സമൂഹത്തിന്‍റെ കഷ്ടപ്പാടുകളില്‍ വളരെയധികം ദുഃഖമുള്ള ആളായിരിക്കും.
     മേല്‍പ്പറഞ്ഞ ഫലങ്ങള്‍ കിട്ടണമെങ്കില്‍ പതിനൊന്നിലെ ചന്ദ്രന്‍ ബലത്തോട് കൂടിയിരിക്കണം. ക്ഷീണ ചന്ദ്രന്‍ (പക്ഷബലമില്ലാത്ത) നിന്നാല്‍ ഫലം വിപരീതമായിരിക്കും. അങ്ങനെ വന്നാല്‍ വളരെയധികം ലാഭം ഉണ്ടാക്കുന്നതിനു പകരം നഷ്‌ടം സംഭവിക്കാവുന്നതാണ്. അതുപോലെ സ്വന്തം മകനോ സഹോദരനോ, സഹോദരിയോ ശല്യക്കാരായി മാറാനും സാധ്യതയുണ്ട്. അതുപോലെതന്നെ ചിലപ്പോള്‍ അംഗവൈകല്യം കൊണ്ട് ജീവിത കാലം മുഴുവന്‍ വീട്ടില്‍ കഴിച്ചു കൂട്ടേണ്ടതായും വരാവുന്നതാണ്.

     ജാതകത്തില്‍ ചന്ദ്രന്‍ പന്ത്രണ്ടില്‍ ഇരിക്കുകയാണെങ്കില്‍ ആ ജാതകന് അനുഭവപ്പെടാവുന്ന ഫലങ്ങളാണ് അടുത്ത് പറയാന്‍ പോകുന്നത്.

     സാധാരണ രീതിയില്‍ ഈ ജാതകന് വളരെയധികം അശുഭഫലങ്ങളാണ് അനുഭവിക്കേണ്ടി വരിക. ഈ ജാതകന്‍ സാധാരണ ഗതിയില്‍ മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകാറുണ്ട്. അതുപോലെത്തന്നെ നേത്രരോഗിയായിരിക്കാന്‍ സാധ്യതയുണ്ട്. പലപ്പോഴും അപമാനിതന്‍ ആകാന്‍ ഇടവരുന്നതാണ്. എല്ലാ സമയത്തും ജാതകന് ശത്രുഭയം ഉണ്ടായിരിക്കും. അതുപോലെ യജ്ഞാധി കാര്യങ്ങളില്‍ വളരെയധികം ധനം ചിലവാക്കുന്നവനും ആയിരിക്കും. പാരമ്പര്യമായി വിഷാദ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പാപബുദ്ധിയുള്ള ആളായിരിക്കും. കൂടുതല്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കും. കുലത്തില്‍ താഴ്ന്നവന്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്. ഹിംസ, ഹീനത എന്നീ സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. വളരെയധികം ശത്രുക്കള്‍ ഉള്ളവനും ആയിരിക്കും. കാഴ്ച ശക്തി കുറഞ്ഞയാള്‍ ആയിരിക്കും.  മഹാമടിയുള്ളവന്‍ ആയിരിക്കുമെന്ന് പറയാതെ വയ്യ. പക്ഷെ വിദേശവാസം ഉള്ളവന്‍ ആയിരിക്കും (പഴയകാലത്ത് വിദേശവാസം മോശപ്പെട്ട കാര്യമായിരുന്നു. ഏഴു കടല്‍ കടന്ന് പോകുന്നത് മോശപ്പെട്ട കാര്യമായിട്ടാണ് കരുതിയിരുന്നത്).

     ശാരീരികമായി ഈ ജാതകന്‍ വളരെ ക്ഷീണിതനായി കാണപ്പെടും. നീച്ചന്മാരുമായിട്ടുള്ള കൂട്ട്കേട്ട് പ്രധാനമാണ്. സ്നേഹിതന്മാര്‍ കുറവായിരിക്കും. ആരുടെ മേലും ഇയാള്‍ക്ക് വിശ്വാസമുണ്ടായിരിക്കുകയില്ല. എന്തൊക്കെ നേടിയാലും സംതൃപ്തനാവാത്ത സ്വഭാവം ഇയാളുടെ പ്രത്യേകതയായിരിക്കും. പിശുക്കനായിരിക്കുമെന്ന് മാത്രമല്ല, ആരെയും വിശ്വാസിക്കാത്തവനായിരിക്കും. സമയാസമയങ്ങളില്‍ ഇയാള്‍ക്ക് ആഹാരം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാകാറില്ല. ജീവിതക്ലേശങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇത്തരം ജീവിത സാഹചര്യങ്ങള്‍ കൊണ്ടായിരിക്കും. ഇയാള്‍ വേദാന്ത ചിന്തയുള്ള വ്യക്തിയായിരിക്കുമെന്ന് പറയാതെ വയ്യ. ജീവിതത്തെക്കുറിച്ച് വളരെ ഗംഭീരമായി ചിന്തിക്കുന്നവന്‍ ആയിരിക്കും. ഒരുപക്ഷെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന അരിഷ്ടതകള്‍ കൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്‌.

     ചന്ദ്രന്‍റെ പന്ത്രണ്ടില്‍ ഉള്ള ഇരിപ്പുകൊണ്ട് ഉള്ള ചിലവുകള്‍ സദ്‌ കാര്യങ്ങള്‍ക്കുള്ള ചിലവുകളാണ്. യജ്ഞ യാഗാദികര്‍മ്മങ്ങള്‍ക്കും, തീര്‍ത്ഥാടനത്തിനും, വിവാഹാദികര്‍മ്മങ്ങള്‍ക്കും ഉള്ള ചിലവുകള്‍ ഇതില്‍ ഉള്‍പ്പെടും.

     പന്ത്രണ്ടിലെ ചന്ദ്രന്‍ ജാതകനെ ദാമ്പത്യ പരമായ സുഖങ്ങള്‍ അനുഭവിക്കുവാന്‍ അനുവദിക്കുന്നില്ല. ദാമ്പപത്യം ഇയാള്‍ക്ക് സുഖത്തെക്കാള്‍ ഏറെ ദുഃഖമായി മാറുന്ന അവസ്ഥയാണ് ഉള്ളത്. അതിനു കാരണങ്ങള്‍ സ്വന്തമായിട്ടുള്ള ശാരീരികാസ്വാസ്ത്യങ്ങള്‍ തന്നെയാണ്. അതിനാല്‍ സ്ത്രീകള്‍ക്ക് ഇത്തരക്കാരോട് താല്‍പര്യം കുറവായിരിക്കും.

     ചന്ദ്രന്‍ നല്ല സ്ഥലങ്ങളില്‍ ഇരുന്നാല്‍ (പന്ത്രണ്ടില്‍) മേല്‍പ്പറഞ്ഞ ദോഷങ്ങള്‍ കുറയും. പന്ത്രണ്ടാം ഭാവം പരലോകത്തിന്റെ കൂടി കാരകനായത്കൊണ്ട് പന്ത്രണ്ടില്‍ ചന്ദ്രനോടൊപ്പം മറ്റുപാപഗൃഹങ്ങള്‍ കൂടി ഇരിക്കുകയാണെങ്കില്‍ മരണാന്തരം നരകം ലഭിക്കുമെന്ന് കൂടി പറയണം.

     ചന്ദ്രന്‍ വൃശ്ചികത്തിലോ (നീച്ചസ്ഥാനത്ത്) മകരത്തിലോ ഇരുന്നാല്‍ ജാതകന്‍ ദുര്‍നടപടിക്കാരനായിരിക്കാന്‍ സാധ്യതയുണ്ട്. ദരിദ്രനുമായിരിക്കും.

     ശുഭഗൃഹത്തോട് യോഗം ചെയ്യ്തിരിക്കുകയാണെങ്കില്‍ വിദേശയാത്രയും അതുകൊണ്ട് പ്രയോജനങ്ങളും ഉണ്ടാകും. ചന്ദ്രന്‍ മേടത്തിലാണെങ്കില്‍ ജാതകന്‍ സഞ്ചാര തല്പരനായിരിക്കും, എന്നു വേണം പറയാന്‍. ചന്ദ്രന്‍ ബലവാനായി പന്ത്രണ്ടില്‍ ഇരുന്നാല്‍ ഗുണങ്ങള്‍ കുറച്ചോക്കെ മെച്ചപ്പെട്ടവയായിരിക്കും. അങ്ങനെയുള്ള ജാതകക്കാര്‍ക്ക് കൃഷിയില്‍ നിന്ന് ലാഭം, സത്പുത്രന്മാരില്‍ നിന്നുള്ള ഗുണം എന്നീ ഫലങ്ങള്‍ അനുഭവപ്പെടാം. ചന്ദ്രന്‍ അഥവാ കന്നിരാശിയിലാണെങ്കില്‍ പിതാവിന്‍റെ കടം സന്തങ്ങള്‍ തീര്‍ക്കേണ്ടി വരും.

     മൊത്തത്തില്‍ ചന്ദ്രന്‍ പന്ത്രണ്ടില്‍ ആണെങ്കില്‍ ആ വ്യക്തിക്ക് കാര്യങ്ങളില്‍ വ്യക്തത കുറവായിരിക്കും. എല്ലാ കാര്യങ്ങളിലും കണ്‍ഫ്യുഷന്‍ ധാരാളം ഉണ്ടായിരിക്കും. മനചാഞ്ചല്യം, ഒരേ സമയത്ത് പല കാര്യങ്ങളില്‍ തലയിടുകയും ഒന്നും ചെയ്യാനാവാതിരിക്കുക, പലപ്പോഴും മാനസികമായി അസ്ഥിരത ഉണ്ടാകാറുണ്ട്. ഈ ജാതകനെ കൊണ്ട് ജാതകന്റെ അമ്മയ്ക്ക് പ്രത്യേകിച്ച് ദുഃഖങ്ങള്‍ അനുഭവിക്കേണ്ടി വരിക സാധാരണമാണ്. പലപ്പോഴും ഈ വ്യക്തികള്‍ക്ക് വേദാന്ത വിഷയങ്ങളില്‍ താല്പര്യമുണ്ടാകുമെന്ന് മാത്രമല്ല, ലൌകീക ജീവിതത്തിനോട് വിരക്തിയും അനുഭവപ്പെടാറുണ്ട്. ഈ ജാതകന്റെ ജാതകത്തില്‍ സന്യാസ യോഗമില്ലെങ്കിലും മറ്റു പല കാരണങ്ങള്‍ കൊണ്ട് ഇയാള്‍ സന്യസിക്കാന്‍ സാധ്യതയുണ്ട്. അടുത്ത ലക്കത്തില്‍ ചൊവ്വ (ശുക്രന്‍) വിവിധ സ്ഥലങ്ങളില്‍ ഇരുന്നാല്‍ ഉള്ള ഫലങ്ങള്‍ ചര്‍ച്ച ചെയ്യാം.

     (കഴിഞ്ഞ ലക്കത്തില്‍ വായിക്കാന്‍ പറ്റാത്തവര്‍ക്ക് എന്‍റെ വെബ്സൈറ്റ് www.malayaleeastrologer.comലൊ അല്ലെങ്കില്‍ www.malayaleeastrologer.blogspot.in  ലൊ പോയാല്‍ അവ വായിക്കാവുന്നതാണ്. അതിനു സൗകര്യമില്ലെങ്കില്‍ ravinair42@gmail.comല്‍ കിട്ടാത്ത ലക്കങ്ങള്‍ എഴുതി ചോദിക്കാവുന്നതാണ്.)
                                                 (തുടരും)








No comments:

Post a Comment